ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് സെറിബ്രൽ അന്യൂറിസമെന്ന മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. രോഗം രൂക്ഷമായതിനെ തുടർന്ന് 2021ൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് പകരമായി പരമ്പരാഗത ചൈനീസ് രീതിയിലുള്ള ചികിത്സയാണ് ഷീ ജിൻ പിങ് ചെയ്യുന്നത്.
കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ച ഘട്ടത്തിൽ പോലും ഒരു ലോക നേതാക്കളുമായും ഷീ ജിൻ പിങ് കൂടിക്കാഴ്ച നടത്താതെ വന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് പല കഥകളും വന്നുതുടങ്ങിയിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെയാണ് പ്രസിഡന്റിന്റെ അനാരോഗ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
മസ്തിഷ്കത്തിലെ ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്ത് മുഴയുണ്ടായി മസ്തിഷ്കത്തിന് സമ്മർദമുണ്ടാകുന്ന അവസ്ഥയാണ് സെറിബ്രൽ അന്യൂറിസം എന്നറിയപ്പെടുന്നത്. ഇത് പിന്നീട് പൊട്ടി മസ്തിഷ്കത്തിനുള്ളിൽ രക്തസ്രാവത്തിനും വഴിയൊരുക്കിയേക്കാം.