കോവിഡിനേക്കാൾ മാരകമായ മഹാമാരിക്ക് ലോകം തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരി കോവിഡിനേക്കാൾ മാരകമായേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗ്രെബിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പകർച്ചവ്യാധിയെ ചെറുക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടപ്പിലാക്കാൻ ഡബ്ല്യുഎച്ച്ഒ തലവൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാൽ ആഗോള ആരോഗ്യ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടാൻ കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അടുത്ത മഹാമാരിയെ ഇല്ലാതാക്കാൻ കോവിഡിനെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.