വിദ്യാർത്ഥികൾക്കുള്ള വിസ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി യുകെ. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നവർക്ക് ഡിപെൻഡന്റ് വിസ നിര്‍ത്തലാക്കും. ഇതോടൊപ്പം പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ഡിപെൻഡന്റ്സി വിസയിൽ യുകെയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് 2022ൽ ഉണ്ടായത്. അതിനാൽ ടോറി എംപിമാർ പ്രധാനമന്ത്രി ഋഷി സുനക്കിനോട് ഈ വർധനവ് നിയന്ത്രിക്കാനാവശ്യപ്പെട്ടതോടെയാണ് ഈ തീരുമാനം. ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾകളെയാണ് ഈ നിയമം ബാധിക്കുക. പിഎച്ച്ഡി വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല.
രാജ്യത്തേക്കുള്ള കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനായി, യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആണ് വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. ഇതുവഴി നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ നിർദ്ദേശിച്ചിരിയ്ക്കുന്നത്. യുകെയിൽ പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ജോലി നേടിയിരിക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് രാജ്യം വിടേണ്ടതായി വരും.
അതേസമയം, ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക്, പ്രത്യേകിച്ച് ബി1 (ബിസിനസ്), ബി2 (ടൂറിസ്റ്റ്) വിഭാഗങ്ങൾക്ക് കീഴിൽ അപേക്ഷിക്കുന്നവർക്ക് ഇതിനോടകം തന്നെ വിസയ്ക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനിടെയാണ് വിസാ നയങ്ങളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ യുകെ വിദേശകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
യുകെയിൽ ഉയർന്ന കുടിയേറ്റ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലവിൽ, ഗ്രാജ്വേറ്റ് വിസയുള്ള വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം ജോലി നേടാനായി രണ്ട് വർഷത്തേക്ക് യുകെയിൽ തുടരാൻ അനുവവാദമുണ്ട്. ഈ നിയമത്തിലാണ് ഇനി മാറ്റങ്ങള്‍ വരാന്‍ പോകുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വർഷം, യുകെയിൽ പഠനം പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു. തൊട്ടു പിന്നില്‍ ചൈനയാണ്. കൂടാതെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുവദിയ്ക്കുന്ന വിസകളിൽ 273 ശതമാനം വർധനവുണ്ടായതായി രാജ്യത്തിന്‍റെ ഔദ്യോഗിക ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.