യുഎഇ നിവാസികൾക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും റമദാൻ ആശംസ പങ്കുവച്ച് യുഎഇ ഭരണാധികാരികൾ. വിശുദ്ധ റംമദാൻ ഏവർക്കും അനുഗ്രഹീതമായ മാസമാകട്ടെയെന്ന് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ ആശംസിച്ചു. യുഎഇയിലേയും ലോകത്തിലേയും ജനങ്ങൾക്ക് സമാധാനവും െഎക്യവും നൽകട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദും റമദാൻ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. യുഎഇയിലേയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലേയും ജനങ്ങൾക്ക് വിശുദ്ധ റമദാനിൽ ആശംസകൾ എന്നാണ് അദ്ദേഹത്തിൻ്റെ കുറിപ്പ്. അല്ലാഹു ഞങ്ങളേയും നിങ്ങളേയും നന്മയും കരുണയും സുരക്ഷിതത്വവും വിശ്വാസവും നൽകി അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എല്ലാവരുടേയും നല്ല പ്രവർത്തികൾ ദൈവം സ്വീകരിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും അമീറുമാർക്കും പ്രസിഡൻ്റുമാർക്കും യുഎഇ നേതാക്കൾ ആശംസ കൈമാറിയതായും സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. നേതാക്കളുടെയും അവരുടെ ജനങ്ങളുടെയും നല്ല ആരോഗ്യവും ക്ഷേമവും തുടരട്ടെയെന്നാണ് ആശംസിച്ചത്.