മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. ഫാഷൻ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായിരുന്നു. 73 വയസായിരുന്നു.
‘ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ സ്നേഹിക്കുന്നവരെ അറിയിക്കുന്നു’ എന്നാണ് ട്രൂത്ത് സോഷ്യൽ എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് മരണവാർത്ത അറിയിച്ചത്.
മുൻപ് ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാൽദോവിൽ 1949ലാണ് ഇവാനയുടെ ജനനം. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യൻ ജൂനിയർ നാഷ്ണൽ സ്കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുണ്ട്. 1977ൽ ട്രംപും ഇവാനയും വിവാഹിതരായി. 1980കളിൽ ട്രംപിന് മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒപ്പം നിന്ന് പ്രയത്നിച്ച വ്യക്തിയാണ്.
ട്രംപ് ടവർ, ട്രംപ് താജ്, ട്രംപ് ഓർഗനൈസേഷൻ എന്നിവ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഇവാന.
1992ലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. ഡോണൾഡ് ജൂനിയർ, ഇവാൻക, എറിക്ക് എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്.