ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു. ക്ഷീണിച്ച മുഖവും ഒട്ടിയ കവിളുകളുമായാണ് ചിത്രത്തിൽ സുനിതയുള്ളത്. ഇതോടെ സുനിത വില്യംസിന്റെ ആരോഗ്യം മോശമായെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരികയാണ്.
153 ദിവസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടത്. ബഹിരാകാശത്തിൽ വളരെ നാൾ കഴിയേണ്ടി വന്നതിലുള്ള സ്വാഭാവിക സമ്മർദമാണ് സുനിതയുടെ ചിത്രത്തിൽ കാണുന്ന മാറ്റങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
സുനിതയുടെ സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂൺ 5നാണ് സുനിത വില്യംസ് ബോയിങ്ങിൻ്റെ സ്റ്റാർ ലൈൻ ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു ബഹിരാകാശ നിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാർ ലൈൻ പേടകത്തിൻ്റെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്.
സുനിത വില്യംസും ബുച്ച് വിമോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക.