വെള്ളം കുടിച്ചിട്ട് പ്ലാസ്റ്റിക് ബോട്ടിലിന്റെ അടപ്പുകൾ വലിച്ചെറിയാറാണ് പതിവ്. എന്നാൽ അത് ചേർത്തുവച്ച് ചുവർ ചിത്രം തീർത്ത സൗദിയിലെ പരിസ്ഥിതി പ്രവർത്തക നേടിയത് ഗിന്നസ് ലോക റെക്കോർഡാണ്. അഞ്ച് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പുകൾ കൊണ്ടാണ് ജിദ്ദയിൽ 383 ചതുരശ്രമീറ്ററിൽ അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമായ ഖുലൂദ് അൽ ഫദ് ലി പച്ചപ്പ് നിറയുന്ന സൗദിയുടെ പ്രതീകാത്മക ചിത്രം തീർത്തത്.
വിവിധ നിറങ്ങളിലുള്ള വ്യത്യസ്തമായ അടപ്പുകളാണ് ഇതിനായി ഉപയോഗിച്ചത്. എകദേശം എട്ട് മാസം സമയമെടുത്തു ഈ കലാസൃഷ്ടി പൂർത്തീകരിക്കാൻ. കൂടാതെ ഗ്രീൻ ലിവ് സ്കൂൾ വിദ്യാർത്ഥികളുടെ പിന്തുണയും സഹായവും ചിത്രം തീർക്കാൻ സഹായകമായി. പ്ലാസ്റ്റിക് ഉപയോഗവും അതിന്റെ പുനരുപയോഗവും കുറച്ചുള്ള പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തിന് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ പുറത്താണ് ഇത്തരമൊരു നിർമിതിക്ക് രൂപം നൽകിയതെന്ന് ഖുലൂദ് പറഞ്ഞു.
ഇതിന് മുമ്പും ഒരു തവണ ഖുലൂദ് അൽ ഫദ് ലി റെക്കാർഡ് നേടിയിട്ടുണ്ട്. 2021ൽ പ്ലാസ്ക് കവറുകൾ കൊണ്ട് ഏറ്റവും വലിയ ലോകഭൂപടം നിർമിച്ചതിനായിരുന്നു റെക്കോർഡ്. ജിദ്ദയിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കായിക മന്ത്രാലയവുമായി ചേർന്നായിരുന്നു ആദ്യ ഉദ്യമം. അന്ന് 250 ചതുരശ്രമീറ്റർ പ്രതലത്തിൽ 3.5ലക്ഷം പ്ലാസ്റ്റിക് കുപ്പി അടപ്പുകൾ കൊണ്ടാണ് ഖുലൂദ് ചിത്രം തീർത്തത്.
അതേസമയം പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ് കൊണ്ട് നിർമിച്ച ഈ ചുവർ ചിത്രം അൽ ഫദ്ലി പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥികൾ മൊസെയ്ക് ചുമർചിത്രം സൃഷ്ടിക്കാൻ സഹായിക്കുകയും പ്ലാസ്റ്റിക് പുനർ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. ജിദ്ദ കോർണിഷിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിലെയും ജിദ്ദ മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരുടെയും കുടുംബത്തിലെയും സ്കൂളിലെയും സമൂഹത്തിലെയും അംഗങ്ങളുടെ സാന്നിധ്യത്തിൽ അൽ ഫദ്ലിയുടെ നേട്ടത്തിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.