ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗ്ലീഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
14 വയസുള്ള റിതാജ് അല്‍ ഹസ്മി നോവല്‍ പരമ്പര എഴുതുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 2019ലാണ് ആദ്യ പുസ്തകം ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതിയത്. 2020ൽ പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും 2021ൽ ബിയോണ്ട് ദ ഫ്യൂച്ചര്‍ വേള്‍ഡ് എന്ന നോവലും പ്രസിദ്ധീകരിച്ചു. പുതിയ നോവല്‍ ദി പാസേജ് ടു ദി അണ്‍നോണ്‍ ഉടന്‍ പുറത്തിറങ്ങും.
കാലാവസ്ഥാ വ്യതിയാനത്തിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ പ്രമേയമാക്കി ദി ഡെ ബിഫോര്‍ 2050 എന്നൊരു സയന്‍സ് ഫിക്ഷന്‍ നോവലിന്റെ പണിപ്പുരയിലുമാണ് റിതാജ് അല്‍ ഹസ്മി.
കുട്ടിക്കാലം മുതല്‍ എഴുത്തില്‍ താല്പര്യം പ്രകടിപ്പിച്ച റിതാജ് ആറ് വയസ് മുതല്‍ എഴുതി തുടങ്ങിയതായി പിതാവ് ഹുസൈന് അല്‍ഹസ്മി പറഞ്ഞു. മകളുടെ ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിൽ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു.