മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ തടവുശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചു. പട്ടാള കോടതി പല ഘട്ടങ്ങളിലായി വിധിച്ചിരുന്ന 33 വർഷത്തെ തടവുശിക്ഷയിൽ ആറ് വർഷത്തെ ഇളവാണ് ഭരണകൂടം നൽകിയത്. അതേസമയം മതപരമായ അവധി ദിനത്തോട് അനുബന്ധിച്ചാണ് ശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇളവ് കുറച്ചാൽ തന്നെ സൂചിക്ക് ബാക്കിയുള്ളത് 27 വർഷത്തെ തടവുശിക്ഷയാണ്.
2022 ഒക്ടോബറിലായിരുന്നു സൂചിയുടെ തടവുശിക്ഷ 25 വർഷത്തേക്ക് ദീർഘിപ്പിച്ച് പട്ടാള കോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ഡിസംബറിൽ അഴിമതി കേസിൽ സൂചിക്ക് ഏഴ് വർഷം കൂടി കോടതി ശിക്ഷ വിധിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ സൂചിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് പട്ടാളം അധികാരം പിടിച്ചെടുത്തിരുന്നത്. അന്ന് മുതൽ 78കാരിയായ സൂചി നായ്പായ് താവിലെ വീട്ടുതടങ്കലിലാണുള്ളത്.