ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ പ്രഗ്നാനന്ദയ്ക്ക് ജന്മനാടിന്റെ ആദരം. ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് താരത്തിനായി ഒരുക്കിയത്. വിജയത്തിൽ അതിയായ അഭിമാനം തോന്നുന്നുണ്ടെന്നും ചെസിന് വളരെ നേട്ടമുണ്ടാകുമെന്നും പ്രഗ്നാനന്ദ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനോട് ടൈബ്രേക്കറിൽ പൊരുതിയാണ് രണ്ടാം സ്ഥാനത്തേയ്ക്ക് താരം പിന്തള്ളപ്പെട്ടത്.
കാൾസനെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച് മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസുകാരനായ പ്രഗ്നാനന്ദയുടെ കരിയറിലെ മികച്ച നേട്ടം തന്നെയാണ്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കിയതോടെയാണ് പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.