പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 199 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മെയ് 12 ന് മോചിപ്പിക്കും. എന്നാൽ പാക്ക് ജയിലിൽ കഴിഞ്ഞിരുന്ന സുൾഫിക്കർ എന്ന ഇന്ത്യക്കാരൻ കറാച്ചിയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞയാഴ്ച പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സിന്ധ് പൊലീസ് പറഞ്ഞു. സുൾഫിക്കറിന്റെ മൃതദേഹവും 12ന് വിട്ടു നൽകും. തടവുകാരെ വാഗാ അതിർത്തിയിൽ വച്ചായിരിക്കും ഇന്ത്യൻ അധികൃതർക്ക് കൈമാറുക.
സമുദ്രാതിർത്തി ലംഘിച്ചുകൊണ്ട് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെല്ലാം പാക് പോലീസിന്റെ പിടിയിലായത്. അതേസമയം ഇവരുടെ മോചനത്തിനും സുരക്ഷിതമായ കൈമാറ്റത്തിനും നേതൃത്വം നൽകുന്നത് ഇദ്ഹി വെൽഫെയർ ട്രസ്റ്റാണ്. ശിക്ഷ പൂർത്തിയാക്കിയ 631 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇപ്പോഴും കറാച്ചിയിലെ ലന്ധി, മലീർ ജയിലുകളിലായി ഉണ്ടെന്നാണ് കണക്ക്.