അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിന് മുന്നോടിയായാണ് വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50,000 ഡോളർ നൽകുന്നവർക്ക് സിൽവർ പാസും 25,000 ഡോളർ നൽകുന്നവർക്ക് ബ്രോൺസ് പാസുമാണ് നൽകുന്നത്. ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പം മുൻനിര ഇരിപ്പിടവും അവരോടൊപ്പം ഡിന്നറും വാഗ്ദാനം ചെയ്യുന്നുണ്ട്. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിന്റെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
ഇതിനെതിരെ വലിയതോതിൽ പ്രതിഷേധം ഉയരുമ്പോഴും ഇത് അമേരിക്കൻ രീതിയാണ് എന്നാണ് നോർക്ക വൈസ് ചെയർമാന്റെ പ്രതികരണം. സ്പോൺസർഷിപ്പ് കാർഡ് പ്രാദേശിക സംഘാടകസമിതി തീരുമാനമാണെന്ന് പറയുമ്പോഴും സംഘാടകസമിതിയിൽ നോർക്ക പ്രതിനിധികളുമുണ്ട് എന്നത് ചെയർമാൻ മറക്കുകയാണ്. മുഖ്യമന്ത്രി, സ്പീക്കർ, ധനമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർക്ക് പ്രതിദിന ബത്തയായി 100 ഡോളർ ഇതിനായി ഖജനാവിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.