നേപ്പാളില്‍ തകര്‍ന്ന് വീണ താര എയേര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് വിവരം.
വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങൾ സൈന്യം പങ്കുവെച്ചിരുന്നു. സനോസര്‍ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. കൃത്യമായി സ്ഥലം ലൊക്കേറ്റ് ചെയ്ത് കാല്‍നടയായി ഒരു സംഘവും വ്യോമ മാര്‍ഗം ഒരു സംഘവും രക്ഷാപ്രവർത്തനത്തിനായി പ്രദേശത്തെത്തുകയായിരുന്നു. അവര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതാവുന്നത്. 10.15ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ ലക്ഷ്യസ്ഥാനത്തെത്താൻ 6 മിനിറ്റ് ശേഷിക്കേ കാണാതാകുകയായിരുന്നു.
വിമാനം മുസ്താങ് ജില്ലയിലെ കോവാങ്ങിൽ കണ്ടെത്തിയതായി ഇന്നലെ തന്നെ പ്രദേശവാസികൾ സൈന്യത്തെ വിവരം അറിയിച്ചിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം സ്ഥലത്തേക്ക് ഇന്നലെ എത്താൻ കഴിഞ്ഞില്ല. നാല് ഇന്ത്യക്കാരുൾപ്പെടെ 22 പേരാണ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്.