ചൊവ്വാഗ്രഹ പര്യവേഷണത്തിന് ന്യൂക്ലിയർ തെർമൽ റോക്കറ്റ് സാങ്കേതിക വിദ്യാ പരീക്ഷണവുമായി നാസ രംഗത്ത്. അഞ്ച് വര്‍ഷത്തിനുളളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുമായി സഹകരിച്ചാണ് നാസയുടെ ന്യൂക്ലിയർ തെർമൽ റോക്കറ്റ് എഞ്ചിൻ പരീക്ഷണം.
ചൊവ്വയ്ക്കും അപ്പുറമുളള ബഹിരാകാശ ദൂരങ്ങൾ താണ്ടാന്‍ ന്യൂക്ലിയർ തെർമൽ റോക്കറ്റ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇതര ഗ്രഹങ്ങളിലേക്ക് മനുഷ്യനെ അയയ്ക്കുന്ന പദ്ധതികൾക്കും ശക്തിപകരുന്നതാണ് നാസയുടെ പരീക്ഷണം. നിലവിൽ ചൊവ്വയിലേക്ക് എത്താനെടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.
2027ഓടെ നൂതന ന്യൂക്ലിയർ തെർമൽ പ്രൊപ്പൽഷൻ ടെക്‌നോളജി വികസിപ്പിക്കാനും പ്രദർശിപ്പിക്കാനും ദീർഘകാല പങ്കാളിയായ ഡാർപയുമായി ചേര്‍ന്ന് പ്രവർത്തിക്കുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വ്യക്തമാക്കി. എജൈൽ സിസ്‌ലൂനാർ ഓപ്പറേഷൻസ് ന്യൂക്ലിയർ തെർമൽ റോക്കറ്റ് പ്രോഗ്രാമിനായുള്ള ഡെമോൺസ്ട്രേഷൻ റോക്കറ്റ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ ന്യൂക്ലിയാര്‍ ഫിഷൻ റിയാക്ടറാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക വാണിജ്യം, ശാസ്ത്ര കണ്ടെത്തൽ, ദേശീയ സുരക്ഷ എന്നിവയ്ക്ക് ബഹിരാകാശ ഡൊമെയ്ൻ നിർണായകമാണെന്നും ന്യൂക്ലിയർ തെർമൽ റോക്കറ്റ് പ്രോഗ്രാമിലൂടെ ബഹിരാകാശ സാങ്കേതികവിദ്യയിൽ കുതിച്ചുചാട്ടം കൈവരിക്കാനാകുമെന്നും നാസ വ്യക്തമാക്കി.