ലയണൽ മെസ്സി പിഎസ്ജി വിടുന്നു. ക്ലബ്ബുമായുള്ള കലഹവും ആരാധകരുടെ അനിഷ്ടവുമെല്ലാം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അർജന്റീന താരം ഫ്രഞ്ച് ക്ലബ് വിടുകയാണെന്ന് പരിശീലകൻ ക്രിസ്റ്റോഫ് ഗാൽട്ടിയർ സ്ഥിരീകരിച്ചത്. ശനിയാഴ്ച ക്ലെർമണ്ടിനെതിരെ പിഎസ്ജി ജഴ്സിയിൽ മെസ്സിയുടെ അവസാന മത്സരം ഉണ്ടാകുമെന്നും ഗാൽട്ടിയർ പറഞ്ഞു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാരിസിലെ പാർക് ദെ പ്രിൻസസിലാണ് മത്സരം നടക്കുക.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായി. ശനിയാഴ്ച പിഎസ്ജി ജഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കും നടക്കുക. ഊഷ്മളമായ ഒരു വിടവാങ്ങൽ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാൽറ്റിയർ പറഞ്ഞു. മെസ്സിയുടെ ഗോളിലൂടെ കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചെങ്കിലും അർജന്റീന താരവുമായി ഒട്ടും നല്ല ബന്ധമായിരുന്നില്ല പിഎസ്ജി ആരാധകർക്ക് ഉണ്ടായിരുന്നത്. കൂടാതെ ക്ലബ്ബുമായി കരാർ പുതുക്കാതിരുന്ന മെസ്സിയെ പല മത്സരങ്ങളിലും ആരാധകർ വരവേറ്റത് കൂവലോടെയാണ്. അതേസമയം ക്ലബ്ബിനെ അറിയിക്കാതെ മെസ്സി സൗദി അറേബ്യൻ സന്ദർശനത്തിനു പോയതോടെ ക്ലബ് മാനേജ്മെന്റുമായും മെസ്സിയുടെ ബന്ധം തകരുകയും ചെയ്തു.
2021ലാണ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് മെസ്സി പിഎസ്ജിയിലെത്തിയത്. പാരിസ് ക്ലബ്ബിന് വേണ്ടി 74 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും 35 അസിസ്റ്റുകളും താരം നേടി. ഫ്രഞ്ച് ലീഗിൽ പിഎസ്ജി 11–ാം തവണയും ജേതാക്കളായെങ്കിലും മെസ്സിയും നെയ്മറും എംബാപെയും ഉണ്ടായിട്ടും യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായത് വലിയ തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോൾ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാലാണ് വലിയ തുക നൽകി മെസ്സിയെ സ്വന്തമാക്കാൻ രംഗത്ത് വന്നത്. 40 കോടി യുഎസ് ഡോളർ (ഏകദേശം 3270 കോടി രൂപ) ക്ലബ് മെസ്സിക്ക് ഓഫർ നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ അമേരിക്കൻ മേജർ ലീഗിലെ ക്ലബ്ബുകളും മെസ്സിക്കായി രംഗത്തുണ്ട്.