പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീനാ ജോസഫ് (46) ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചത്.
ജോലി സ്ഥലത്തുവെച്ച് കഠിനമായ പല്ല് വേദനയെത്തുടർന്ന് ബ്ലാക്ക് പൂൾ ജിപിയിൽ ചികിത്സ തേടിയതായിരുന്നു മെറീന. ഇവിടെ ചികിത്സ തുടരുന്നതിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് പ്രസ്റ്റൺ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ തുടർച്ചയായി ഹൃദയാഘാതം വന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സർജറിക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ആരോഗ്യനില വഷളായതിനേത്തുടർന്ന് രാത്രി എട്ട് മണിയോടെ മരണപ്പെടുകയായിരുന്നു.
ഒരു വർഷം മുമ്പാണ് മെറീന സീനിയർ കെയർ വിസയിൽ യുകെയിൽ എത്തിയത്. ബ്ലാക്ക് പൂളിൽ സഹോദരി എൽസമ്മ സ്റ്റീഫനൊപ്പമായിരുന്നു മെറീന താമസിച്ചിരുന്നത്. 18,15 വയസ് വീതം പ്രായമുള്ള രണ്ട് പെണ്മക്കളുടെ മാതാവാണ്. ആലപ്പുഴ കണ്ണങ്കര ഏറനാട്ടുകളത്തിൽ കൊച്ചൗസേഫാണ് പിതാവ്. മെറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.