വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലം നിശ്ചയിച്ച സമയത്ത് രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാതെ ഇന്ത്യയിൽ തുടര്‍ന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡയിലേക്ക് യാത്ര തിരിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് പിന്നാലെയാണ് മടക്ക യാത്ര. എല്ലാവിധ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രൂഡോ കാനഡയിലേക്ക് മടങ്ങിയത്. ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ട്രൂഡോ.
അതേസമയം അദ്ദേഹത്തിന് മടങ്ങാനായി കാനഡയില്‍ നിന്ന് സൈനിക വിമാനം എത്താനിരിക്കെയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കപ്പെട്ടത്. എന്നാൽ ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്ന കനേഡിയന്‍ നയത്തെ ഇന്ത്യ കഠിനമായി വിമര്‍ശിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ട്രൂഡോയ്ക്ക് അവഗണനയെന്ന സോഷ്യല്‍ മീഡിയ വാദങ്ങള്‍ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ വിമാനത്തിനും സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇത് വീണ്ടും രൂക്ഷ പരിഹാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയെ കുറിച്ചും ബയോഫ്യുവല്‍സ് അലൈന്‍സ് പ്രഖ്യാപന വേളയിലും കനേഡിയന്‍ പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ-കാനഡ ബന്ധം ഉലയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കാനഡയില്‍ 19 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് മാത്രം മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് വേണ്ടി കാനഡയിലേക്ക് പോയത്.