മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ അനുകൂല വിധി നേടി ഹോളിവുഡ് താരം ജോണി ഡെപ്പ്. ഡെപ്പിന് 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണ് വിർജീനിയ കോടതിയുടെ ഉത്തരവ്. ഡെപ്പിനെതിരെ ആംബർ ഹേർഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിൽ ഒന്നിൽ ആംബറിന് അനുകൂലമായും വിധി വന്നു. ഈ കേസിൽ ആംബറിന് ഡെപ്പ് 20 ലക്ഷം ഡോളർ നൽകണം.
ഗാർഹിക പീഡനത്തിന് ഇരയായ വ്യക്തിയാണ് താനെന്ന ആംബർ ഹേർഡിന്റെ വാഷിങ്ടൻ പോസ്റ്റിലെ ലേഖനത്തിൽ പരാമർശിച്ചതിനെതിരെ ജോണി ഡെപ്പ് നൽകിയ മാനനഷ്ടക്കേസിലാണ് ഡെപ്പിന് അനുകൂല വിധി ഉണ്ടായത്. തനിക്കെതിരെ ഡെപ്പിന്റെ അഭിഭാഷകൻ നടത്തിയ പരാമർശത്തിന്മേൽ നൽകിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി ഉണ്ടായത്.
ജൂറി എനിക്ക് ജീവിതം തിരികെ തന്നുവെന്നും താൻ വളരെ സന്തോഷവാനാണ് എന്നുമാണ് ജോണി ഡെപ്പിന്റെ പ്രതികരണം. എന്നാൽ വിധിയിൽ താൻ ഏറെ വേദനിക്കുന്നുവെന്ന് ആംബർ ഹെർഡ് പ്രതികരിച്ചു.
ആറ് ആഴ്ച നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് ഡെപ്പിന് അനുകൂലമായ കോടതി വിധി. വിചാരണവേളയിൽ നാടകീയ രംഗങ്ങൾക്ക് കോടതി മുറി സാക്ഷ്യം വഹിച്ചിരുന്നു. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനം വധശ്രമം അടക്കം ഒട്ടേറെ ഗുരുതര ആരോപണങ്ങൾ ആംബർ ഹെർഡ് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻ ഭർത്താവിന്റെ ക്രൂരതകൾ വിവരിക്കുമ്പോൾ ആംബർ ഹെർഡ് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു.
2018ൽ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ഗാർഹിക പീഡനം നടത്തിയെന്ന ആരോപണം മാനഹാനി ഉണ്ടാക്കിയെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചെന്നും ഡെപ്പ് പറയുന്നു. അങ്ങനെയാണ് ആദ്യ കേസ് ഫയൽ ചെയ്തത്. ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെർഡും കേസ് നൽകി. ഡെപ്പ് തുടർച്ചയായി ശാരീരിക ഉപദ്രവമേൽപിച്ചെന്ന് വ്യക്തമാക്കി 100 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെർഡിന്റെ പരാതി.