ഗസ്സയിൽ കെടുതി വിതയ്ക്കുന്ന ഇസ്രായേൽ ഭീകരതയുടെ മുന്നിലാണ് ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. ഉണ്ണിയേശു ഇന്നായിരുന്നു പിറന്നതെങ്കിൽ ഇസ്രായേൽ നരാധമൻമാർ ഇളംചോരവീഴ്ത്തി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയ ഈ പാലസ്‍തീനിൽ ഏത് പുൽക്കൂട്ടിലായിരിക്കും കഴിയുക? എന്ന ചോദ്യത്തിന് ഉത്തരമായി രണ്ട് കലാകാരികൾ ഒരുക്കിയ വ്യത്യസ്തമായ ശില്പമാണ് ചർച്ചയാവുന്നത്. ബത്‍ലഹേമിലെ യേശുവിന്റെ തിരുപ്പിറവി ദേവാലയത്തിന് മുന്നിൽ തയാറാക്കിയ ഈ വ്യത്യസ്തമായ ഇൻസ്റ്റലേഷനിൽ ഇൻകുബേറ്ററിൽ കിടക്കുന്ന യേശുവിലൂടെ അവർ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു.
പാലസ്തീൻ കലാകാരികളായ റാണ ബിഷാറയും ശിൽപി സന ഫറാ ബിഷാറയും ചേർന്നാണ് ഈ വ്യത്യസ്ത ശിൽപ്പം ഒരുക്കിയത്. ഗസ്സയുടെ വേദന ലോകത്തെ അറിയിക്കാൻ നിരവധി കലാസൃഷ്ടികൾ തയാറാക്കിയവരാണ് ഇവർ. ഇൻകുബേറ്ററിൽ വരെ കുഞ്ഞുങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേൽ ഭീകരതയുടെ നേർ സാക്ഷ്യമാണ് ഇവർ നിർമിച്ച ‘ഇൻകുബേറ്ററിലെ ഉണ്ണിയേശു’ എന്ന ഈ ശിൽപം.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്താണ് ഈ കലാകാരികൾ ഇൻകുബേറ്റർ സ്ഥാപിച്ചത്. ചുവപ്പും വെള്ളയും കലർന്ന പാലസ്തീനി കഫിയ്യ (ശിരോവസ്ത്രം) യിലാണ് ഉണ്ണിയേശുവിന്റെ വെങ്കല പ്രതിമ കിടത്തിയിരിക്കുന്നത്. അതേസമയം ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ഇത്തവണ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവച്ചിട്ടുമുണ്ട്.
യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ 70 വർഷങ്ങൾക്ക് മുമ്പ് 86 ശതമാനത്തിലധികവും ജീവിച്ചിരുന്നത് ക്രൈസ്തവരായിരുന്നു. 1948ലെ യുദ്ധത്തിന് ശേഷം എണ്ണത്തിൽ കുറവുണ്ടായി. 2017ൽ പാലസ്തീൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം പാലസ്തീനിലെ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ എന്നിവിടങ്ങളിലായി 47,000 ക്രൈസ്തവരുണ്ട്. വെസ്റ്റ് ബാങ്കിലാണ് 98 ശതമാനം പേരും താമസിക്കുന്നത്. ഗസ്സയിൽ 1,000ഓളം പേർ ഉൾപ്പെടുന്ന ചെറിയ ക്രൈസ്തവ സമൂഹവുമുമുണ്ട്.