ഇറാന്‍ ആണവോര്‍ജ നിലയങ്ങളിലെ ക്യാമറകൾ നീക്കം ചെയ്തെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി. ഇതോടെ ഇറാന്‍റെ മേലുളള യുറേനിയം സമ്പുഷ്ടീകരണ നിരീക്ഷണം തടസ്സപ്പെട്ടതായും യുഎന്‍ ഏജന്‍സി. ആയുധ നിര്‍മ്മാണത്തില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി നടന്നുവന്ന നിരീക്ഷണമാണ് തടസ്സപ്പെട്ടത്.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ യോഗത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ഇറാന്റെ നീക്കത്തെ വിലയിരുത്തുന്നത്. ഇറാന്‍റെ നീക്കം ഗൗരവമേറിയതാണെന്ന് ആവണോര്‍ജ്ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ ഗ്രോസി വ്യക്തമാക്കി. നിരീക്ഷണം തടസ്സപ്പെടുന്നത് ആശങ്കയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം അണവായുധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ ബാധിക്കുന്ന നീക്കമാണ് ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇറാന്‍ യുഎന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ ആഭ്യന്തര റിപ്പോര്‍ട്ടുകൾ ചോര്‍ത്തിയെന്ന ആരോപണവുമായി കഴിഞ്ഞമാസം ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആരോപിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നും അതു ഭീഷണിയാണെന്നുമാണ് ഇസ്രയേലും അമേരിക്കയും കരുതുന്നത്.
ഇതിനോടകം തന്നെ ഇറാന്‍ ഫോര്‍ഡോയിലെയും നാതാന്‍സിലെയും ഭൂഗര്‍ഭ ആണവ സൈറ്റുകളില്‍ സമ്പുഷ്ട യുറേനിയം ഉണ്ടാക്കുന്നെന്നാണ് ലോക രാഷ്ട്രങ്ങളുടെ സംശയം. 2015ല്‍ ഇറാനും ലോക രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഇറാനുമേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധം നീക്കാനും യുറേനിയം സമാഹരിക്കുന്നത് ഗണ്യമായി കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സമാധാനപരമായാണ് ആണവ പദ്ധതികളെന്നാണ് ഇറാന്റെ അവകാശവാദം. അതേസമയം പുതിയ ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2015ലെ ഉപരോധത്തിനും ആണവ കരാറിനും ശേഷം ഇറാന്‍റെ നീക്കങ്ങൾ ലോകം വീണ്ടും ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.