ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ മാലദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്ക്. സൗദി എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര. ഗോതബയയെ ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ സ്പീക്കർ നിയമോപദേശം തേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ തങ്ങൾ കയ്യേറിയ സർക്കാർ കെട്ടിടങ്ങൾ ഒഴിയാൻ തയാറാണെന്ന് പ്രക്ഷോഭകർ സമ്മതിച്ചു. സംഘർഷത്തിന് അയവ് വന്നെങ്കിലും രാജ്യത്ത് വീണ്ടും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ രാജിവെക്കാതെ മാലിദ്വീപിലെത്തിയ പ്രസിഡന്റ് ഇന്ന് ഉച്ചയോടെ ഭാര്യക്കും രണ്ട് അംഗരക്ഷകർക്കുമൊപ്പം സിംഗപ്പൂരിലേക്ക് പോവുകയാണുണ്ടായത്. സിംഗപ്പൂരിൽ സുരക്ഷിത കേന്ദ്രത്തിൽ എത്തിയശേഷം രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് സൂചന. താൻ കടുത്ത സമ്മർദത്തിലാണെന്നും എത്രയും വേഗം രാജിക്കത്ത് അയക്കാമെന്നും ഗോതബയ അറിയിച്ചതായി സ്പീക്കർ വെളിപ്പെടുത്തിയിരുന്നു. രാജി പ്രഖ്യാപനം നീണ്ടുപോകുന്നതിനാൽ ഗോതബയയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ കഴിയുമോയെന്ന് സ്പീക്കർ നിയമോപദേശം തേടിയിരുന്നു. പ്രസിഡന്റ് രാജ്യം വിടുകയും ചുമതലകൾ പ്രധാനമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജിക്കത്തില്ലാതെ തന്നെ രാജിവച്ചതായി കണക്കാക്കാൻ കഴിയുമോ എന്നാണ് സ്പീക്കർ നിയമസഹായത്തിലൂടെ അന്വേഷിച്ചത്. പ്രസിഡന്റ് ഔദ്യോഗികമായി രാജിവെക്കാത്തതിനാൽ നാളെ ചേരാനിരിക്കുന്ന പാർലമെന്റ് സമ്മേളനം അനിശ്ചിതത്വത്തിലാണ്. നിയമോപദേശം തേടിയതായി സ്പീക്കർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസും പ്രസിഡന്റിന്റെ വസതിയും അടക്കം കയ്യേറിയ സർക്കാർ മന്ദിരങ്ങളെല്ലാം ഒഴിയാൻ തയാറാണെന്ന് പ്രതിഷേധക്കാർ സമ്മതിച്ചു.
കലാപം അവസാനിപ്പിക്കാൻ ഇന്നലെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഉൾപ്പെട്ട സമിതിയെ ആക്ടിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ഏർപ്പെടുത്തി. ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയെ നിർദേശിക്കാൻ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന റെനിൽ വിക്രമസിംഗെ ഇന്നലെ സ്പീക്കറോട് നിർദേശിച്ചു. എന്നാൽ റെനിൽ വിക്രമസിംഗെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. ലങ്കയിൽ സമാധാനപരമായ ഭരണ കൈമാറ്റും ഉണ്ടാവണമെന്നും സ്ഥിതിഗതികൾ സസൂക്ഷമം നിരീക്ഷിക്കുകയാണെന്നും യു എൻ സെക്രട്ടറി ജനറൽ അറിയിച്ചു. ശ്രീലങ്കയിലെ ഭരണപ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടു.