ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവെക്കാതെ രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി.
ഗോതബയ ഭാര്യക്കൊപ്പം മാലദ്വീപിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യോമസേന വിമാനത്തിൽ കയറി ഗോതബയ രാജ്യം വിടുകയായിരുന്നു. ഇന്ന് രാജി സമർപ്പിക്കുമെന്നായിരുന്നു രജപക്സെ പ്രഖ്യാപിച്ചിരുന്നത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നേരത്തെ രാജിവെച്ചെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും രാജി വെച്ചൊഴിയാതെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ഒഴിയില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
ജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി വെച്ചത്. പ്രസിഡന്റ് ഗോതബയ രജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയതോടെ പ്രക്ഷോഭം ആളിക്കത്തി. ട്വിറ്ററിലൂടെയാണ് റെനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കുമാണ് രാജിയെന്ന് റെനില്‍ ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി വൈകിയും പ്രക്ഷോഭം തുടര്‍ന്നതിനാല്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജി സന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ അറിയിച്ചു.