ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
2013 മുതൽ ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന ലി കെചിയാങ് ഈ വർഷം ആദ്യമാണ് പദവി ഒഴിഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിനൊപ്പമായിരുന്നു രണ്ട് തവണയും അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. ചൈന സാമ്പത്തികരംഗത്ത് നിർണായകശക്തിയായി മാറിയത് ലി കെചിയാങ്ങിന്റെ കാലത്തായിരുന്നു.
നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് ലി കെചിയാങ്. മാവോ സെ തുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. ഇതേ യൂണിവേഴ്സിറ്റിയിൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് സെക്രട്ടറിയുമായിരുന്നു. ഹെനാൻ പ്രവിശ്യയിൽ ഗവർണറായും 2008 മുതൽ 2013 വരെ ചൈനയുടെ ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതൽ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായിരുന്നു ലി കെചിയാങ്.