ഇന്ത്യയും ചൈനയും തമ്മിൽ പരസ്പരം തർക്കം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ ചൈനയിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും രാജ്യം വിട്ട് പോകണമെന്നാണ് ചൈനയുടെ ഉത്തരവ്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് വിലയിരുത്തുന്നു.
പ്രമുഖ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ ആവശ്യപ്പെട്ടത്. ഈ വാർത്ത ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പിടിഐ റിപ്പോർട്ടർ പോകുന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. ഈ വർഷമാദ്യം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടേതായി നാലു മാധ്യമ പ്രവർത്തകരാണ് ചൈനയിൽ ഉണ്ടായിരുന്നത്.
പ്രശസ്ത മാധ്യമ സ്ഥാപനമായ ദ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടർ നേരത്തേ തന്നെ ചൈനയിൽ നിന്നു മടങ്ങിയിരുന്നു. ദ് ഹിന്ദു, പ്രസാർ ഭാരതി എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കി നൽകാൻ ഏപ്രിലിൽ ചൈന തയാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് നാലാമത്തെ ജേണലിസ്റ്റിനോടും രാജ്യത്ത് നിന്ന് മടങ്ങിപ്പോകാൻ ചൈന അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല. അതേസമയം സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നീ ചൈനീസ് മാധ്യമസ്ഥാപനങ്ങളിലെ രണ്ട് ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യയും തള്ളിയിരുന്നു.