ഹോങ്കോങിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പളളുരുത്തി സ്വദേശി ജിജോ അഗസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹോങ്കോങിൽ കപ്പൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജിജോ അഗസ്റ്റിൻ. ഞായറാഴ്ച മുതലാണ് ജിജോയെ കാണാതായത്. ജിജോയെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഹോങ്കോങ് പോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തായ്ലാൻഡിൽനിന്ന് ഹോങ് കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്നർ കപ്പലിലെ ജീവനക്കാരനായിരുന്നു ജിജോ അഗസ്റ്റിൻ. മേയ് 12-നാണ് അമ്മ ഷേർളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്സ്-ടി ഷിപ്പിങ്ങിൽനിന്ന് ക്യാപ്റ്റൻ അനിൽ സൂദ് എന്ന് പരിചയപ്പെടുത്തിയ ആൾ ജിജോയെ കാണാനില്ലെന്ന വിവരം ഷേർളിയെ അറിയിച്ചത്.
കപ്പൽ ജോലിക്കിടെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ സ്ഥിരമായി കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായെന്നും ഷേർളിയോട് നേരത്തേ ജിജോ പറഞ്ഞിരുന്നു. ഈ മൂന്നു പേരെ കമ്പനി ജോലിയിൽനിന്നു പറഞ്ഞുവിട്ടെന്നും പിന്നീട് തന്റെ ഫോണിലേക്ക് ഒരുപാട് ഭീഷണി കോളുകൾ വന്നിരുന്നതായും ജിജോ അമ്മയോട് പറഞ്ഞിരുന്നു. ജിജോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാവ് ആരോപിച്ചു.