ഇന്ത്യ-ആസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ബി.ജെ.പി പ്രവർത്തകർ പാർട്ടി പതാക ഉയർത്തിയതിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ടീമിന് പിന്തുണയുമായി ഓവൽ സ്റ്റേഡിയത്തിലെത്തിയ ബി.ജെ.പി പ്രവർത്തകരാണ് പാർട്ടി പതാക വീശിയത്. ചിത്രത്തിന്റെ തൊട്ടപ്പുറത്തായി ഇന്ത്യൻ പതാക പിടിച്ചു നിൽക്കുന്നവരെയും കാണാം. എന്നാൽ ചിത്രം സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയാക്കിയിരിക്കുകയാണ്. മത്സരം ഇന്ത്യയും ബി.ജെ.പിയും തമ്മിലല്ലല്ലോ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലല്ലേ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
അതേസമയം ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിന് എതിരെയും വിമർശനം ഉയരുന്നുണ്ട്. കൂടാതെ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലാണ് മത്സരം നടക്കുന്നത് എന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് മുതിർന്ന മാധ്യമ പ്രവർത്തകർ രാജ്ദീപ് സർദേശായി ഓർമിപ്പിച്ചു. 52 വർഷമായി ദേശീയപതാക ഉയർത്താത്തവരാണ് സംഘ്പരിവാറുകാർ. അതിന്റെ തുടർച്ചയാണ് ഇത് എന്നുമാണ് ഒരു ക്രിക്കറ്റ് ആരാധകൻ വിമർശിച്ചത്. ദേശീയപതാക ഉയരേണ്ടിടത്ത് പാർട്ടി പതാകയുമായി എത്തുന്നത് ശരിയല്ലെന്നും ഇത്തരം വേദികളിൽ ഇത് അനുവദിക്കരുതെന്നും മറ്റൊരു വ്യക്തി പ്രതികരിച്ചു. മുൻപ് മെൽബണിൽ ഒരുവിഭാഗം കാണികൾ രാഹുൽ ഗാന്ധിയുടെ ബാനറുമായെത്തിയത് കാണിച്ചാണ് ബി.ജെ.പി അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്.