എറണാകുളം സ്വദേശിയായ യുവാവ് ലണ്ടനിൽ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ മരിച്ചത്. കൂടെ താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെക്കാമിലെ കോൾമാൻ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റൺ വേയിലെ ഒരു അപ്പാർട്ട്മെന്റിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു. പുലർച്ചെ 1.35 ഓടെ ഒരാൾക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോൺ കോൾ വന്നിരുന്നു. ഇതേത്തുടർന്ന് പൊലീസും പരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി മെഡിക്കൽ സഹായം നൽയെങ്കിലും അരവിന്ദ് മരണപ്പെടുകയായിരുന്നു.
അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് യുവാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സമീപത്തെ ഒരു കടയിൽ അഭയം തേടിയ ഈ യുവാക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. 10 വർഷം മുമ്പ് വിദ്യാർത്ഥി വിസയിലാണ് അരവിന്ദ് യുകെയിൽ എത്തിയത്. അവിവാഹിതനാണ്.