വേൾഡ് മുസ്ലീം കമ്മ്യൂണിറ്റീസ് കൗൺസിൽ (TWMCC) നാലാം വാർഷികത്തോടനുബന്ധിച്ച് 2022 മെയ് 8, 9 തീയതികളിൽ ഇസ്ലാമിക ഐക്യം എന്ന വിഷയം ചർച്ച ചെയ്യാൻ അബുദാബിയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. സഹിഷ്ണുത – സഹവർത്തിത്വകാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. നൂറ്റയമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുക്കും.
“ഇസ്‌ലാമിക ഐക്യം, ആശയം, അവസരങ്ങൾ, വെല്ലുവിളികൾ” എന്ന പ്രമേയത്തിലാണ് സമ്മേളനം. ഇസ്ലാമിക ഐക്യത്തിന്റെ ചരിത്രം, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ചെലുത്തുന്ന സ്വാധീനം, മനുഷ്യ നാഗരികത സ്ഥാപിക്കുന്നതിലുള്ള പങ്ക്, ഇസ്‌ലാമിക ഐക്യത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് ടിഡബ്ല്യുഎംസിസി ചെയർമാൻ ഡോ. അലി റാഷിദ് അല്‍ നുെഎമി പറഞ്ഞു. ശാസ്ത്രം, കല, സാഹിത്യം, തത്ത്വചിന്ത, വാസ്തുവിദ്യ, ജ്യോതിഷം, ഗണിതം, വൈദ്യശാസ്ത്രം, സംഗീതം തുടങ്ങിയ മേഖലകളിൽ ഇസ്‌ലാമിക ലോകം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ നൂറോളം അക്കാദമിക് പ്രബന്ധങ്ങൾ ചർച്ച ചെയ്യും.
മത, രാഷ്ട്രീയ, അക്കാദമിക് സംഘടനകളുടെ പ്രതിനിധികൾ, നിരവധി പ്രസിഡന്‍റുമാര്‍, പ്രധാനമന്ത്രിമാർ, ഗ്രാൻഡ് മുഫ്തികൾ, അക്കാദമിക് വിദഗ്ധർ, സർവകലാശാലാ മേധാവികൾ, പ്രൊഫസർമാർ, വിദഗ്ധർ, ബുദ്ധിജീവികൾ, ഗവേഷകർ, കലാകാരന്മാർ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 105 പ്രഭാഷകർ പങ്കെടുക്കും. അബുദാബി നാഷണൽ എക്‌സിബിഷൻ സെന്‍ററാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.