ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാനുള്ള ദൗത്യത്തിൽ പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുകയാണ് രഞ്ജിത്ത് ഇസ്രായേൽ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഷിരൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നത്. മണ്ണിടിച്ചിലുണ്ടായ ഉടൻ ദുരന്ത ഭൂമിയിലേയ്ക്ക് രക്ഷകനായി അവതരിക്കുകയായിരുന്നു രഞ്ജിത്ത് ഇസ്രയേൽ.
ഏത് പ്രതിസന്ധിയിലും തളരാത്ത മനസും അസാധാരണമായ ധൈര്യവും സേവനബോധവുമാണ് രഞ്ജിത്ത് എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്. വെറുമൊരു രക്ഷാപ്രവർത്തകൻ മാത്രമല്ല അദ്ദേഹം. രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ആപത്ഘട്ടത്തിൽ ജീവൻ രക്ഷിക്കാനായി ഓടിയെത്തുന്ന മലയാളി, അതാണ് രഞ്ജിത്ത് ഇസ്രായേൽ. ഷിരൂരിൽ അർജുന് വേണ്ടി ആരംഭിച്ച
രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്ത രഞ്ജിത്തിൻ്റെ കരുതലും തന്ത്രവും ഏത് ദുർബല സാഹചര്യത്തിലും പ്രതീക്ഷയുടെ കിരണങ്ങളാണ് നൽകുന്നത്.
തിരുവന്തപുരം സ്വദേശിയാണ് 33-കാരനായ രഞ്ജിത്ത് ഇസ്രായേൽ. സൈന്യത്തിൽ ചേരണമെന്ന സ്വപ്നവുമായായിരുന്നു രഞ്ജിത്ത് വളർന്നത്. എന്നാൽ 21-ാം വയസിൽ തലച്ചോറിനെ ഗുരുതരമായ രോഗം ബാധിച്ചു. എന്നാൽ പിന്നീട് അസുഖം ഭേദമായപ്പോഴേയ്ക്കും പ്രായവും അതിക്രമിച്ചു. ഇതോടെ ദുരന്ത മുഖങ്ങളിൽ ജനങ്ങൾക്ക് സഹായകനായി രഞ്ജിത്ത് അവതരിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം, കേരളത്തിലെ പ്രളയം, കവളപ്പാറയിലെയും ഇടുക്കിയിലെയും ഉരുൾപൊട്ടൽ, തപോവൻ തുരങ്ക ദുരന്തം ഇങ്ങനെ അനവധി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ രഞ്ജിത്ത് ഇസ്രായേൽ സജീവമായിരുന്നു. ആരിൽ നിന്നും പ്രതിഫലം പ്രതീക്ഷിക്കാതെ സ്വന്തം ജീവൻ പോലും പണയംവെച്ച് ദുരന്തമുഖത്ത് കൈത്താങ്ങുന്ന രഞ്ജിത്ത് മലയാളികൾക്ക് എന്നും അഭിമാനമാണ്.