പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം കണ്ടെത്തി. സംശായാസ്പദമായ നിരവധി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചുകഴിഞ്ഞു.
ബ്രിട്ടന്‍, ഇറ്റലി. സ്പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍. ബല്‍ജിയം, കാനഡ, ഓസ്ട്രേലിയ, നെതര്‍ലാന്‍റ് , സ്വീഡന്‍, പോളണ്ട്, എന്നിവിടങ്ങളിലും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്പെയിനിലും പോര്‍ച്ചുഗലിലും നാല്‍പതില്‍ അധികം രോഗബാധിരരുണ്ട്. സാധാരണയായി മധ്യ – പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ പനി കണ്ടെത്തിയതോടെയാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര യോഗം.
വൈറസ് ബാധിതരുമായി അടുത്തിടപഴകുമ്പോഴേ കുരങ്ങുപനി വ്യാപിക്കൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെപ്പോലെ പടര്‍ന്നുപിടിക്കാന്‍ സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. വൈറസ് ക്യാരിയറുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. കടുത്ത പനി, പേശിവേദന, ശരീരം തിണിര്‍ത്ത് പൊന്തുന്നതുമാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങൾ.
വൈറസിന്‍റെ രണ്ടുതരത്തിലുളള വകഭേതം കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരണനിരക്ക് കുറവാണെങ്കിലും രോഗം ബാധിച്ചാല്‍ ആഴ്ചകളോളം ചികിത്സ തേടേണ്ടിവരും. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞത്. 1970 മുതല്‍ മനുഷ്യരിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു.