വിവാഹം പോലുള്ള ചടങ്ങുകൾക്ക് ലക്ഷങ്ങൾ മുടക്കിയാണ് പലരും ഫോട്ടോയും വീഡിയോയും എടുപ്പിക്കുന്നത്. ലക്ഷങ്ങൾ ഇതിലേക്ക് മുടക്കുന്നതിന് കാരണം ആ സുന്ദര നിമിഷങ്ങൾ ഒരിക്കൽ കൂടി കാണാമല്ലോ എന്നോർത്താണ്. എന്നാൽ വിവാഹ ദിവസം എടുത്ത വീഡിയോ കിട്ടാതിരുന്നാല്ലോ? കലിപ്പാകും അല്ലേ!!
അങ്ങനെ ഒരു സംഭവമാണ് ആലപ്പുഴയിൽ നടന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും അൽബം നൽകിയില്ല. പണം മുഴുവന്‍ നല്‍കിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ ഫോട്ടോഗ്രാഫി കമ്പനി കബളിപ്പിച്ച കേസില്‍ അവസാനം കോടതി ഇടപെട്ടു.
അരൂര്‍ സ്വദേശികളായ രതീഷ്, സഹോദരന്‍ ധനീഷ് എന്നിവരാണ് പരാതിക്കാർ. 2017-ല്‍ നടന്ന രതീഷിന്റെ വിവാഹച്ചടങ്ങിന്റെ വീഡിയോ ആല്‍ബമാണ് ഏഴു വര്‍ഷം പിന്നിട്ടിട്ടും ലഭിക്കാഞ്ഞത്. ചടങ്ങിന്റെ വീഡിയോ കവറേജ് എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. 40,000 രൂപ അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു. ഒരു മാസത്തിനുള്ളില്‍ വീഡിയോ ആല്‍ബം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാൽ പലതവണ സമീപിച്ചിട്ടും വീഡിയോ ആൽബം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. ചില സാങ്കേതിക കാരണങ്ങളാൽ വിവാഹ വിരുന്നിന്റെ ദൃശ്യങ്ങൾ പകർത്താൻ സാധിച്ചില്ലെന്ന് പറഞ്ഞ് ഒഴിയാൻ സ്ഥാപന ഉടമകൾ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
ഇതേത്തുടർന്നാണ് രതീഷും സഹോദരനും കോടതിയെ സമീപിച്ചത്. വീഡിയോ ആല്‍ബത്തിനായി പരാതിക്കാര്‍ നല്‍കിയ 40,000 രൂപ തിരികെ നല്‍കാനും കൂടാതെ പരാതിക്കാര്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 1.20 ലക്ഷം രൂപ നല്‍കാനും ബെഞ്ച് ഉത്തരവിടുകയായിരുന്നു.