ഉരുളെടുത്ത വയനാടിന്റെ വേദന ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. ജീവനും ഉറ്റവരും ഉടയവരും കിടപ്പാടവും നഷ്ടപ്പെട്ട വിരവധി പേരാണ് തീരാവേദനയായി നമ്മുടെ കൺമുന്നിലുള്ളത്. സ്വപ്നങ്ങളും സർവ്വതും നഷ്ടപ്പെട്ടവരുടെ കഥകൾ മനസിനെ പിടിച്ചുലയ്ക്കുമ്പോൾ ഒരിറ്റ് ആശ്വാസം നൽകുന്ന ഒരു വാർത്തയിതാ..
ഉരുൾപൊട്ടലിൽ വീട് തകർന്നതോടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മ. എന്നാൽ ഇന്നലെ മുതൽ തന്റെ വീട്ടിലേയ്ക്ക് പോകണമെന്ന് അമ്മയ്ക്ക് ഒരേ വാശി. വീട് താമസയോഗ്യമല്ലെന്ന് പറഞ്ഞ് ഭർത്താവും മകനും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ അമ്മ അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ഇതോടെ എന്തിനാണ് വീട്ടിലേയ്ക്ക് പോകുന്നതെന്ന് വീട്ടുകാൻ ചോദിച്ചു. ഒടുവിൽ ആരുമറിയാതെ സൂക്ഷിച്ച ആ രഹസ്യം അമ്മ വെളിപ്പെടുത്തി. ഇതോടെ ചുറ്റും കൂടിയവർ യഥാർത്ഥത്തിൽ അമ്പരന്നു.
കാര്യം ഇതാണ്. ആ അമ്മയുടെ ഭർത്താവിന് ഹെർണിയയാണ്. ശക്തമായ വേദനയായതിനാൽ ഓപ്പറേഷൻ ചെയ്യാനായിരുന്നു തീരുമാനം. ഇതിനുവേണ്ടി തൊഴിലുറപ്പിന് പോയും ഏലത്തോട്ടത്തിൽ പണിക്ക് പോയുമെല്ലാം കിട്ടിയ തുക മുഴുവൻ കൂട്ടിവെച്ചു. മക്കൾ നന്നായി നോക്കുമെങ്കിലും അവരെ ഒരുപാട് ബുദ്ധിമുട്ടിക്കേണ്ടെന്നായിരുന്നു അമ്മയുടെ ചിന്ത. ഒടുവിൽ സമ്പാദ്യം 50,000 രൂപയും 5 പവനുമായി. മഴ മാറിയിട്ട് ഓപ്പറേഷൻ ചെയ്യാൻ കാത്തിരിക്കവെയാണ് അപ്രതീക്ഷിതമായി ഉരുൾപൊട്ടലെന്ന ദുരിതമെത്തിയത്.
ആരും കവരാതിരിക്കാൻ രഹസ്യമായ സ്ഥലത്താണ് ആ അമ്മ തന്റെ സമ്പാദ്യം തുടക്കംമുതൽ സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ദുരന്തഭൂമിയിൽ കള്ളന്മാർ ഇറങ്ങിയിട്ടുണ്ടെന്ന് ക്യാമ്പിൽ വാർത്ത പരന്നതോടെ അമ്മയ്ക്ക് താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെടുമോയെന്ന് ഭയമായി. മകന് പണവും സ്വർണവും സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയാത്തതിനാൽ നേരിട്ട് വീട്ടിലേയ്ക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.
ഇതറിഞ്ഞ മകൻ തന്റെ ബൈക്കിൽ അമ്മയുമായി ചൂരൽമലയിലെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഭാഗ്യമെന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല. ആ അമ്മ നാളുകളായി കാത്തുവെച്ച പണം സൂക്ഷിച്ചിടത്ത് തന്നെ സുരക്ഷിതമായി ഉണ്ടായിരുന്നു. ഒടുവിൽ കിടപ്പാടം നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടയിലും സന്തോഷത്തോടെ ആ തുകയുമായി അമ്മയും മകനും ദുരന്തഭൂമിയിൽ നിന്നും ക്യാമ്പിലേയ്ക്ക് തിരിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc