വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരന്തത്തിൽ ജീവൻനഷ്‌ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്‌ടറുമായും സംസാരിച്ചു. വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.