പരിശ്രമങ്ങൾ വിഫലമാക്കി വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരണത്തിന് കീഴടങ്ങി. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. പോളിനെ രക്ഷിക്കുന്നതിനായി ആശുപത്രി ജീവനക്കാർ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വെച്ചായിരുന്നു പോളിനെ കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്ക് പോകുന്ന വഴി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയപ്പോൾ കമിഴ്ന്ന് വീഴുകയും പിന്നാലെ വന്ന കാട്ടാന ചവിട്ടുകയായിരുന്നെന്നും പോൾ പറഞ്ഞിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പിന്നീട് പോളിനെ ആശുപത്രിയിലെത്തിച്ചത്.
മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോളിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പോളുമായി അതിവേഗം കുതിച്ച ആംബുലൻസ് ഒരുമണിക്കൂർ 57 മിനിറ്റുകൊണ്ടാണ് വയനാട്ടിൽ നിന്നും കോഴിക്കോട് എത്തിയത്. തുടർന്ന് പോളിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ആഴ്ച വയനാട് പലമടയിലെ ജനവാസമേഖലയിലിറങ്ങിയ ബേലൂർ മഖ്‌ന എന്ന കാട്ടാന അജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.