കൊല്ലം വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
സ്ത്രീധനപീഡനവും ഗാർഹിക പീഡനവും നടത്തി ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്നതാണ് കിരൺകുമാറിനെതിരായ കേസ്. സമ്മാനമായി നൽകിയ കാർ തന്റെ പദവിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞും
സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ വിസ്മയയെ മർദിച്ചതായാണ് പ്രോസിക്യൂഷൻ കേസ്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. 2021 ജൂൺ 21ന് പുലർച്ചെയാണ് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. വിസ്മയയുടേത് കൊലപാതകമാണെന്ന ആരോപണവുമായി വിസ്മയയുടെ കുടുംബം രംഗത്ത് വന്നു. ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കിരൺകുമാറിനെ ആദ്യം സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. 2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു.
സാധാരണ സ്ത്രീധന പീഡനക്കേസുകളിൽ നിന്നും സാക്ഷികളോ തെളിവുകളോ അധികം ഉണ്ടാകാറില്ല. വിസ്മയ കേസിൽ 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണുള്ളത്. സ്ത്രീധന
പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് സ്ഥാപിക്കാൻ നിരവധി ഡിജിറ്റൽ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി വിസ്മയ കൂട്ടുകാരുമായി ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ എന്നിവയും പ്രോസിക്യൂഷൻ ഹാജരാക്കി. സാക്ഷികൾ ആരും കേസിൽ കൂറുമാറിയില്ല എന്നതും നിർണായകമായി.