കാണുന്നവരുടെ ഹൃദയത്തിൽ തൊടുന്ന ഹാർതി എന്ന നാടോടിയായ കൊച്ചുപെൺകുട്ടിയുടെ വീഡിയോ കലോത്സവകാലത്തെ വൈറൽ കാഴ്ചകളിലൊന്നായിരുന്നു. പക്ഷെ അത് ഹാർതിയുടെ കുടുംബത്തിന് മനസിൽ തീകോരിയിട്ട അനുഭവമായി മാറിയതോടെ അവർ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി. മകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ആസ്വദിക്കുന്ന ഹാർതിയുടെ വീഡിയോ ആയിരുന്നു വില്ലൻ. തെരുവുകച്ചവടം നടത്തി ജീവിക്കുന്ന മാതാപിതാക്കൾക്കൊപ്പം രാജസ്ഥാനിൽ നിന്നെത്തിയതാണ് ഹാർതി. പാട്ടും നൃത്തവുമെല്ലാം കണ്ട് അവൾ പരിസരം മറന്ന് ലയിച്ചുനിന്നുപോയി.
പട്ടുടയാടകൾ അണിഞ്ഞ് നൃത്തം ചെയ്യുന്നവർ. അവസരം കാത്ത് സർവാഭരണഭൂഷിതരായി കാത്തു നിൽക്കുന്ന സമപ്രായക്കാർ. അവർക്കിടയിൽ നിന്ന് നിഷ്കളങ്കമായി നൃത്തം ആസ്വദിക്കുന്ന ഒരു നാടോടി പെൺകുട്ടി. ഈ കാഴ്ചയിൽ കൗതുകം തോന്നിയ ഒരാൾ ഈ രംഗം മൊബൈലിൽ പകർത്തിയതോടെ മിനിറ്റുകൾക്കുള്ളിൽ വീഡിയോ വൈറലായി. പിന്നെ പറയാനുണ്ടോ, കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നാണ്. പെൺകുട്ടിയെ കണ്ടെത്തി സഹായങ്ങൾ നൽകാനായി ചില സഹൃദയർ മുന്നോട്ടുവന്നു. കിഴക്കേനടയിലുള്ള ഉത്തരേന്ത്യക്കാരായ തെരുവുകച്ചവടക്കാരോട് തിരക്കിയറിഞ്ഞു.
രാജസ്ഥാനിൽ നിന്നുവന്ന സംഘത്തിലെ സമയിൻ്റെയും പിങ്കിയുടെയും മകളാണ് ഹാർതി. പ്രധാനമായും ടാറ്റൂ ചെയ്തുനൽകുന്ന ജോലിയാണ് ഇവർക്ക്. പ്രായമായവർ ചെറുകിട സാധനങ്ങൾ വിൽക്കുമ്പോൾ കുട്ടികളും ഇവർക്കൊപ്പം ചേരും. തിരഞ്ഞുപിടിച്ചെത്തിയ സഹൃദയർ ഹാർതിയുടെ വീഡിയോ അച്ഛൻ സമയിനെ കാണിച്ചതോടെ പ്രശ്നമാണെന്ന് കരുതി തലയിൽ കൈവച്ച് സമയ് നിലവിളിയായി. ഓടിയെത്തിയ അമ്മ പിങ്കിയും കരയാൻ തുടങ്ങി. മകൾ പാവമാണെന്നും അവൾ തെറ്റൊന്നും ചെയ്യില്ലെന്നുമായിരുന്നു നിലവിളി.
ഹാർതിയാകട്ടെ ഈ സമയം മുത്തശ്ശിക്കൊപ്പം എടക്കഴിയൂർ നേർച്ചയിൽ സാധനങ്ങൾ വിൽക്കാൻ പോയിരിക്കുകയായിരുന്നു. ആശ്വാസ വാക്കുകൾക്കൊന്നും അവരെ സമാധാനിപ്പിക്കാനായില്ല. മകളെ ആരെങ്കിലും ഉപദ്രവിച്ചാലോയെന്നോർത്ത് 10 അംഗ സംഘം അന്നു തന്നെ രാജസ്ഥാനിലേക്ക് ട്രെയിൻ കയറി. പലരും ബന്ധപ്പെട്ടു തിരിച്ചുവരാൻ പറഞ്ഞെങ്കിലും പേടിച്ചരണ്ടുപോയ കുടുംബം വരാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും ഉടൻ വരുന്നില്ലെന്ന തീരുമാനത്തിലാണിപ്പോൾ.
ജയ്പൂരിന് അടുത്തുള്ള ഗ്രാമത്തിൽ ജീവിക്കുന്ന സമയ്–പിങ്കി ദമ്പതികൾക്ക് 3 മക്കളുണ്ട്. നാട്ടിൽ കടുകു കൃഷിയാണിവർക്ക്. വിവിധ സംസ്ഥാനങ്ങളിൽ ഉത്സവങ്ങൾക്ക് കുടുംബസമേതം പോകുന്ന ഇവർ തെരുവിലാണ് കഴിയുക. പഠനമൊന്നും കൃത്യമല്ലാത്തതിനാൽ 12 വയസ്സുള്ള ഹാർതി ഇപ്പോഴും രണ്ടാം ക്ലാസിലാണ്.
സംഭവം അറിഞ്ഞ് ഹാർതിയെ സൗജന്യമായി നൃത്തം പഠിപ്പിക്കാൻ ഒരുക്കമാണെന്ന് നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം അരുണ ആർ. മാരാർ പറഞ്ഞിട്ടുണ്ട്.