പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പുറത്താക്കിയ 33 വിദ്യാർത്ഥികളെയും തിരിച്ചെടുത്ത് വൈസ് ചാൻസലർ. കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടർ പി.സി ശശീന്ദ്രൻ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടിയെന്നാണ് റിപ്പോർട്ട്.
സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമാണെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ ടി.ജയപ്രകാശ് വ്യക്തമാക്കി. വി.സിക്ക് എതിരെ ഗവർണർക്ക് പരാതി നൽകും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകലാശാലയുടെ ലോ ഓഫീസറിൽ നിന്ന് നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാൻ സാധിക്കൂ. എന്നാൽ ഈ നിയമം വിസി ലംഘിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.