സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഈമാസം
27ന് രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് യു.യു ലളിതിന് സത്യവാചകം ചൊല്ലി കൊടുക്കും.
എന്‍. വി രമണയുടെ പിന്‍ഗാമി
ആഗസ്റ്റ് 26ന് സ്ഥാനമൊഴിയുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പിൻഗാമിയായാണ് ജസ്റ്റിസ് യു.യു ലളിതിനെ നിയമിക്കുന്നത്. 2021 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് എന്‍.വി രമണ രാജ്യത്തെ സമുന്നത കോടതിയുടെ മുഖ്യ ന്യായധിപനായി ചുമതല ഏറ്റെടുത്തത്. നേരത്തെ പ്രോട്ടോക്കോൾ പ്രകാരം കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു ജസ്റ്റിസ് എൻ.വി രമണയോട് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കത്ത് എഴുതിയിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്‍റെ പേര് നിർദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണയും യു.യു ലളിതും
ചീഫ് ജസ്റ്റിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു യു.യു ലളിതിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതോടെ ബാറിൽ നിന്നും നേരിട്ട് ചീഫ് ജെസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാകും യു.യു ലളിത്. 1971ൽ ജസ്റ്റിസ് എസ്എം സിക്രിയാണ് മുമ്പ് ഇത്തരത്തിൽ നിയമിതനായിട്ടുള്ളത്.
ശ്രദ്ധേയ വിധികൾ
2014 ഓഗസ്റ്റ് 13നാണ് യു.യു ലളിത് സുപ്രീംകോടതി ജഡ്ജിയായത്. മുത്തലാഖ് നിരോധനം, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അംഗത്വം, ദേഹത്ത് സ്പര്‍ശിച്ചില്ലെങ്കിലും പോക്സോ പ്രകാരം കേസെടുക്കാം തുടങ്ങി ഇക്കാലത്തിനിടെ രാജ്യത്ത് ശ്രദ്ധേയമായ നിരവധി ഉത്തരവുകൾ യു.യു ലളിത് നടത്തിയിട്ടുണ്ട്. അതേസമയം നവംബർ എട്ടിന് വിരമിക്കുന്ന യു.യു ലളിതിന്റെ ചീഫ് ജസ്റ്റിസ് കാലാവധി 76 ദിവസം മാത്രമായിരിക്കും. ശേഷം യു.യു ലളിതിന് പിന്‍ഗാമിയായി ഡി.വൈ ചന്ദ്രചൂഡ് എത്തുമെന്നാണ് നിഗമനം.
നിയമനം എങ്ങനെ
കൊളീജിയം സംവിധാനത്തിലൂടെയാണ് ഉയർന്ന ജുഡീഷ്യറി പദവികളിൽ ജഡ്ജിമാരെ നിയമിക്കുന്നത്. ആർട്ടിക്കിൾ 124 അനുസരിച്ചി സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ ഇക്കാര്യം നിയമ മന്ത്രാലയത്തെ അറിയിക്കണം. സാധാരണയായി സുപ്രീം കോടതിയിലെ ഏറ്റവും സീനിയോറിറ്റിയുളള ജഡ്ജിയെയാകും അടുത്ത സ്ഥാനത്തേക്ക് പരിഗണിക്കുക. ഇതുമായി ബന്ധപ്പെട്ട പരാതികളും ചര്‍ച്ചകളും അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയം പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. ഈ ശുപാര്‍ശ നിയമമന്ത്രാലയം പ്രധാനമന്ത്രിക്ക് കൈമാറുകയും പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ആര്‍ട്ടിക്കില്‍ 124(2 ) അനുസരിച്ച് രാഷ്ട്രപതി നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കും.