ഉത്ര കേസ് അന്വേഷണം ഇനി പുസ്തക രൂപത്തിൽ വായിക്കാം. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
ഈ കേസ് അന്വേഷണമാണ് മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്തക രൂപത്തിൽ എത്തിച്ചിരിക്കുന്നത്. ‘ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.
രാജ്യത്ത് ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിന്റെ നേട്ടമായാണ് വിലയിരുത്തിയത്.
കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്.