ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായി വളരുന്നു. അമൃതകാലത്തെ ആദ്യബജറ്റെന്ന് പറഞ്ഞ ധനമന്ത്രി, സ്വതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നും വ്യക്തമാക്കി.
ആദായനികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ചതാണ് മധ്യവർഗത്തിന് നേരിയ ആശ്വാസം നൽകിയത്. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി ഇല്ല. പുതിയ നികുതി ഘടന തെരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ടയെന്നതാണ് പ്രഖ്യാപനം. ∙ നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിട്ടുണ്ട്. 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുത്ല 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12–15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമുണ്ടാകുമെന്ന് ധനമന്ത്രി ഓർമ്മിപ്പിച്ചു.
സ്വർണം, വെള്ളി, വജ്രം, വസ്ത്രം, സിഗരറ്റ് എന്നിവയ്ക്ക് വില വർധിക്കും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.
പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ നൽകും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
മൂന്നു ഘടകങ്ങളിലാണ് ഊന്നൽ നൽകുക.
1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ – യുവാക്കൾക്ക് മുൻഗണന,
2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ,
3. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ.
ബജറ്റ് മുൻഗണനകൾ:
1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്. മത്സ്യമേഖലയ്ക്ക് 6,000 കോടി.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുതിയ നിക്ഷേപപദ്ധതി. ഇ-കോടതികള്‍ തുടങ്ങാന്‍ 7,000 കോടി രൂപ.
വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി. ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതി.
വിദ്യാർഥികൾക്ക് ദേശീയ ഡിജിറ്റൽ ലൈബ്രറി. 157 പുതിയ നഴ്സിങ് കോളജുകൾ. 38,300 അധ്യാപകരെ നിയമിക്കും. 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും. ∙ റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും.
47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി.