വിസ സംബന്ധമായ നിബന്ധനകൾ കൂടുതൽ കർശനമാക്കി യു.കെ. കുടുംബാംഗത്തിൻ്റെ വിസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധിയാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് വർധിപ്പിച്ചത്.
വരുമാന പരിധിയിൽ 55 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ഈ നടപടി. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്‌ചകൾക്കുള്ളിലാണ് മാറ്റം.
സ്റ്റുഡൻ്റ് വിസ റൂട്ട് നടപടികൾ കർശനമാക്കാനുള്ള നടപടി 2023ൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം. സ്റ്റുഡന്റ് വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോടൊപ്പം നാഷണൽ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരൻമാർക്ക് ഹെൽത്ത് സർചാർജിൽ 66 ശതമാനത്തിൻ്റെ വർധനവുമുണ്ട്. കുടിയേറ്റത്തിന്റെ കാര്യത്തിൽ യുകെ അവസാന പോയന്റിലെത്തിയെന്ന് യു.കെ മന്ത്രി ജെയിംസ് ക്ലവർലി വ്യക്തമാക്കി.