സവർക്കറെ അപമാനിക്കരുതെന്നും സവർക്കർ ദൈവമാണെന്നും രാഹുൽഗാന്ധിയ്ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്ട്രയിലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മാലേഗണിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുവെയാണ് പരാമർശം. വിനായക് സവർക്കറെ അപമാനിക്കരുതെന്നും ഇത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുകൾ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ താക്കീത് നൽകി. മാപ്പു പറയാൻ താൻ സവർക്കറല്ല, ഗാന്ധിയെന്ന രാഹുലിൻ്റെ വാക്കുകൾക്കുള്ള മറുപടിയായാണ് ഉദ്ധവ് താക്കറെ സംസാരിച്ചത്.
ഹിന്ദുത്വ സൈദ്ധാന്തികനായ വി ഡി സവർക്കറെ ആരാധനാപാത്രമായാണ് കരുതുന്നത്. അതിനാൽ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് നേതാവിനോട് ആവശ്യപ്പെടുകയാണ്’- ഉദ്ധവിൻ്റെ വാക്കുകൾ. 14 വർഷത്തോളം ആൻഡമാൻ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ചത് സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണെന്നും അത് ത്യാഗത്തിൻ്റെ ഒരു രൂപമാണെന്നും ഉദ്ധവ് പറഞ്ഞു. സവർക്കറെ അപമാനിക്കുന്നത് സഹിക്കാനാകില്ല. വീർ സവർക്കർ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ പോരാടാൻ തയ്യാറാണ്, പക്ഷേ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങൾക്ക് സഹിക്കാവുന്ന കാര്യമല്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗവും ,കോൺഗ്രസും എൻസിപിയും ചേർന്ന് സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയെ ബോധപൂർവം പ്രകോപിപ്പിക്കുകയാണെന്നും സമയം പാഴാക്കിയാൽ ജനാധിപത്യം ഇല്ലാതാകുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് മാപ്പു പറയുമോ എന്ന ചോദ്യത്തിന് രാഹുൽ സവർക്കറെ താരതമ്യപ്പെടുത്തി മറുപടി നൽകിയത്.