യുഎഇ വീസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുന്നവർ ഫോട്ടോ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം അപേക്ഷ തള്ളിപ്പോകും. വീസ നടപടികൾ വേഗത്തിലാക്കാൻ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വകുപ്പ് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം.
6 മാസത്തിനുള്ളിൽ നല്ല ക്വാളിറ്റിയിൽ എടുത്ത കളർ ഫോട്ടോ ആയിരിക്കണം. ചിത്രം 35*40 മില്ലിമീറ്റർ സൈസിൽ ആയിരിക്കണം. വെളുത്ത പ്രതലത്തിൽ സ്വാഭാവിക മുഖഭാവത്തിൽ ചിത്രം എടുക്കണം. കൂടുതൽ ഭാവ പ്രകടനങ്ങളോ അമിതമായ ചിരിയോ ഉണ്ടാവരുത്.
ഫോട്ടോയിൽ തല ചെരിക്കാതെ നേരെ വയ്ക്കണം. ക്യാമറയുടെ ലെൻസിന് നേരേയിരിക്കണം തല. കണ്ണുകൾ പൂർണമായും തുറന്ന് നിറമുള്ള ലെൻസുകൾ ഒന്നുമില്ലാതെയിരിക്കണം. കണ്ണും കൃഷ്ണമണിയും കാണുന്നതിനു തടസ്സമുണ്ടാക്കുകയോ ലൈറ്റുകൾ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്തവയാണെങ്കിൽ മാത്രം കണ്ണട ഉപയോഗിക്കാം.
സ്ഥിരമായി താടിയും മീശയും ഉപയോഗിക്കുന്നവരാണെങ്കിൽ ഷേവ് ചെയ്യേണ്ട ആവശ്യമില്ല. ഫോർമൽ വസ്ത്രം ധരിക്കണം. പൗരന്മാർ ആണെങ്കിൽ കന്തൂറ ധരിക്കണം. മത വിശ്വാസത്തിന്റെ ഭാഗമായോ ദേശീയ വസ്ത്രത്തിന്റെ ഭാഗമായോ ഉള്ള ശിരോവസ്ത്രങ്ങൾ ധരിക്കുന്നതിന് തടസമില്ല.
കുറഞ്ഞത് 600 ഡിപിഐ റസലൂഷനെങ്കിലും വേണം. ചിത്രം അവ്യക്തമായിരിക്കരുത്. ചിത്രങ്ങളിൽ എതെങ്കിലും തരത്തിലുള്ള സോഫ്റ്റ്വെയർ ഉപയോഗിച്ചു മാറ്റങ്ങൾ വരുത്തരുത്.