യുഎഇയിൽ ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് തണുപ്പ് വർധിക്കുമെന്നും അറിയിപ്പുണ്ട്.
നാളെ രാവിലെ മുതൽ അടുത്ത മൂന്നു ദിവസം വരെ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.പലയിടങ്ങളിളും താപനില നാലു ഡിഗ്രി വരെ താഴാനാണ് സാധ്യത. മലയോരമേഖലകളിലായിരിക്കും ശക്തമായ തണുപ്പ് അനുഭവപ്പെടുക.
ഈ മാസം 8 ന് രാജ്യം മുഴുവൻ മേഘാവൃതമായിരിക്കുമെന്നും വടക്കുകിഴക്കൻ എമിറേറ്റുകളിൽ രാവിലെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. രാജ്യത്ത് ഡിസംബർ അവസാനവാരം ശക്തമായ മഴയാണ് ലഭിച്ചത്. പലയിടങ്ങളിലും നിലവിൽ താപനില 18 ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്. തണുപ്പ് വർധിച്ചതോടെ രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.