യുഎഇ – ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാര്‍ ചൊവ്വാഴ്ച ഒപ്പുവയ്ക്കും. ഇസ്രായേല്‍ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക മേഖല, ഭക്ഷ്യ മേഖല. ആരോഗ്യ മേഖല തുടങ്ങി സുപ്രധാന തലങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കുക. ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് രേഖയിൽ ഒപ്പിടാൻ ദുബായിൽ എത്തുന്ന സാമ്പത്തിക, വ്യവസായ മന്ത്രി ഒർന ബാർബിവായ് പറഞ്ഞു.
തീരുവ കുറച്ച് ഇരു രാജ്യങ്ങളും തമ്മിലുളള കയറ്റുമതിയും ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുകയാണ് കരാറിന്‍റെ മുഖ്യ ലക്ഷ്യം. 96 ശതമാനം ഉല്‍പ്പന്നങ്ങൾക്കും തീരുവ കുറയുന്നതോടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വ് പകരാനും കഴിയുമെന്നാണ് നിഗമനം.
ഒരു അറബ് രാജ്യവുമായുളള ഇസ്രായേലിന്‍റെ ആദ്യത്തെ വ്യാപാര കരാറാണിത്. ഇന്ത്യക്ക് പിന്നാലെ കൂടുതല്‍ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുമെന്ന് യുഎഇ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ തുടങ്ങി മറ്റ് എട്ട് രാജ്യങ്ങളുമായി ഇക്കൊല്ലം തന്നെ കരാറില്‍ ഏര്‍പ്പെടുന്നതിന് ചര്‍ച്ചകളും മുന്നോട്ടുപോവുകയാണ്. ഈജിപ്തുമായുള്ള വ്യാപാരം 700 മില്യൺ ഡോളറായി ഉയർത്തുന്നതിനുള്ള പദ്ധതിക്ക് യുഎഇ സർക്കാർ ഞായറാഴ്ച അംഗീകാരം നൽകിയിരുന്നു.
കഴിഞ്ഞ വർഷം 885 മില്യൺ ഡോളറിന്‍റെ വ്യാപാരം ഇസ്രായേലും യുഎഇയും തമ്മിലുണ്ടായി. അതേസമയം യുഎഇയും ഇസ്രായേലും തമ്മില്‍ 2020ല്‍ ഒപ്പിട്ട അബ്രഹാം കരാറിന്‍റെ ഭാഗമായി 2.5 ബില്ല്യൺ ഡോളറിന്‍റെ കച്ചവടം ഇതിനകം നടന്നുകഴിഞ്ഞതായി യുഎഇയുടെ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി വ്യക്തമാക്കി. വരും നാളുകളില്‍ സൗരോര്‍ജ്ജ പദ്ധതികളിലടക്കം വിപുലമായ സഹകരണവും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.