അടുത്ത നാല് വർഷത്തിനുള്ളിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ ഫുഡ് ബാങ്ക്. പദ്ധതി വഴി കൂടുതൽ ഗുണഭോക്താക്കളിലേക്ക് ഭക്ഷണം എത്തിക്കാനുമാണ് യുഎഇ ഫുഡ് ബാങ്ക് ലക്ഷ്യമിടുന്നത്. 2023-2027 കാലയളവിൽ ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്താനും 2027 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 30 ശതമാനം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ പദ്ധതി ഈ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി. ആഗോളതലത്തിൽ, ദശലക്ഷക്കണക്കിന് ടൺ ഭക്ഷണമാണ് ഓരോ വർഷവും പാഴാക്കപ്പെടുന്നത്. ലോകത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ മൂന്നാമത്തെ വലിയ സംഭാവനയാണ് ഭക്ഷണം പാഴാക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും അത് വഴിതിരിച്ചുവിടുകയും ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ കണക്കുകൾ കണക്കിലെടുക്കുമ്പോൾ, യു എ ഇ ഫുഡ് ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാകുകയാണ്.
2017 മുതൽ, ബാങ്ക് ഗുണഭോക്താക്കൾക്ക് 55 ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്, ഇത് പാഴായി ഉപേക്ഷിക്കപ്പെടുമായിരുന്ന 55,000 ടൺ ഭക്ഷണം സംരക്ഷിക്കുന്നതിന് തുല്യമാണ്. ഭക്ഷണ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, സെൻട്രൽ കിച്ചണുകൾ, ചാരിറ്റി ഓർഗനൈസേഷനുകൾ എന്നിവയുടെ പങ്കാളിത്തോതോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.