റിക്രൂട്ടിങ്, വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികൾക്ക് രക്ഷയാകുന്ന പുതിയ തൊഴിൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ.വീട്ടുജോലിക്കാരുടെ നിയമനം മുതൽ സേവനം അവസാനിപ്പിച്ച് മടങ്ങുന്നതു വരെയുള്ള സമഗ്രമായ വിവരങ്ങൾ ഉൾപ്പെട്ടതാണ് പരിഷ്ക്കരിച്ച നിയമം.
നിയമം അനുസരിച്ച് റിക്രൂട്ടിങിന് മുൻപ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണം. വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജൻ്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകാൻ പാടില്ല. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാനും ആവശ്യപ്പെടാൻ പരിരക്ഷ നൽകുന്നതാണ് നിയമം.
വീട്ടുജോലിക്കെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നീ വ്യക്തിഗത രേഖകൾ തൊഴിലാളികൾ തന്നെയാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരോട് യാതൊരുവിധ അക്രമവും പാടില്ല. തൊഴിലാളിക്കു കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പുവരുത്തണം.
തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ചയുണ്ടാകരുത്. ന്യായമായ കാരണമില്ലാതെ ജോലി നിർത്താനും പാടില്ല. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കണം. പുറത്തു പോയി വേറെ ജോലി ചെയ്യാൻ പാടില്ല.
ജോലിക്കിടെ മരിക്കുന്ന വീട്ടുജോലിക്കാരുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശികയും സേവനാനന്തര ആനുകൂല്യവും ചേർത്തു നൽകണം. മൃതദേഹം സ്പോൺസറുടെ ചെലവിൽ നാട്ടിൽ എത്തിക്കുകയും വേണം. നിയമം ലംഘിക്കുന്ന റിക്രൂട്ടിങ് ഏജൻസിക്കും തൊഴിലുടമയ്ക്കും ഒരു വർഷം വരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിർഹം) പിഴയുമാണ് ശിക്ഷ ലഭിക്കുക.
തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നൽകി നിയമിച്ചാൽ 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കം. ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിർദിഷ്ട ജോലിയോ കൃത്യമായ വേതനമോ നൽകാതിരിക്കുക, മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ പിടിക്കപ്പെട്ടാൽ 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.
18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെയാണ് പിഴ. അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വർഷം തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും നൽകണം.