യുഎഇയിൽ വ്യാജ പരസ്യം, പ്രമോഷൻ എന്നിവ നൽകി ജനങ്ങളെ കബളിപ്പിച്ചാൽ 5 ലക്ഷം ദിർഹം (1.11 കോടി രൂപ) പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യത്തിൻ്റെ പരിധിയിലാകും ശിക്ഷിക്കപ്പെടുക. കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വിവരങ്ങൾ, ഇവയ്ക്കു മധ്യസ്ഥത വഹിക്കൽ, ഇടപാടുകൾ, യുഎഇ അംഗീകരിക്കാത്ത ഡിജിറ്റൽ/വെർച്വൽ കറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ ലഭിക്കുക. സമൂഹത്തിൽ നിയമ സംസ്കാരം വർധിപ്പിക്കാനും നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും സമൂഹ മാധ്യമ ക്യാംപെയ്നും പ്രോസിക്യൂഷൻ നടത്തിവരുന്നു.
പണം വാങ്ങി തെറ്റായ വിവരങ്ങളോ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നവർക്കു തടവും 20 ലക്ഷം ദിർഹം (4.46 കോടി രൂപ) പിഴയുമാണ് ശിക്ഷ. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനോ പുനഃ പ്രസിദ്ധീകരിക്കുന്നതിനോ നേരിട്ടോ അല്ലാതെയോ പണം വാങ്ങുന്നത് നിയമവിരുദ്ധമാണ്. കുറ്റക്കാർ രാജ്യത്തിനകത്തു നിന്നായാലും പുറത്തു നിന്നായാലും നടപടിയുണ്ടാകും.
കുറ്റകരമായ ഉള്ളടക്കം അടങ്ങിയ ഓൺലൈൻ അക്കൗണ്ടിൻ്റെ അല്ലെങ്കിൽ വെബ്സൈറ്റിൻ്റെ പ്രവർത്തനം നിയന്ത്രിക്കുകയോ മേൽനോട്ടം വഹിക്കുകയോ പരസ്യം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിക്കും തുല്യമായ ശിക്ഷയുണ്ടാകും.