തുർക്കിയേയും സിറിയയേയും തീരാദുരിതത്തിലേക്ക് തളളിവിട്ട ഭൂകമ്പമുണ്ടായിട്ട് ഒരു മാസം തികയുന്നു. അരലക്ഷം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും പതിനായിരങ്ങളെ ഇപ്പോഴും കാണാതാവുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ഭൂകമ്പമാണുണ്ടായത്.
ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കുളളിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന നിരവധിപ്പേരെ ജീവനോടെ രക്ഷപെടുത്താനും കഴിഞ്ഞിരുന്നു. ഗുരുതപ പരുക്കേറ്റവർക്കുളള ചികിത്സകളും തുടരുകയാണ്.ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു.
ദുരന്തമുണ്ടായതറിഞ്ഞ് സഹായ ഹസ്തവുമായി തുർക്കിയിലേക്ക് ആദ്യം കുതിച്ചെത്തിയത് യുഎഇയാണ്.100 മില്യൺ ഡോളർ ദുരിതാശ്വാസ നിധിയിൽ വാഗ്ദാനം ചെയ്യുന്നത് മുതൽ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും സജീവ പങ്കാളിത്തവും പിന്തുണയുമാണ് യുഎഇ നൽകുന്നത്. ഇതിനിടെ ദുരിത ബാധിതർക്കായുളള സാമഗ്രികൾ പായ്ക്ക് ചെയ്യുന്ന ക്യാമ്പിൽ യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ സന്ദർശനം നടത്തിയിരുന്നു. എമിറേറ്റ്സിൻ്റെ സന്നദ്ധ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തത് ഊർജ്ജമായി. രാജ്യം ലോകത്തിന് നൽകുന്ന മാനുഷിക സേവനങ്ങളുടെ മുഖമായി മാറി ശൈഖ് മുഹമ്മദിൻ്റെ സന്ദർശനം.
അഫ്ഗാനിസ്ഥാനൽ ഭുകമ്പമുണ്ടായപ്പോഴും പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിലും യുക്രൈൻ ദുരിതബാധിതർക്കും യമനിലെ നിരാലംബർക്കും യുഎഇ സമീപ കാലത്ത് വലിയ തോതിൽ സഹായമെത്തിച്ചിരുന്നു.