രണ്ട് മാസത്തിനിടെ യുഎഇയിൽ കോവിഡ്-19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. പുതിയ കേസുകൾ വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. പിസിആർ പരിശോധനയും വാക്സിനേഷൻ ഡ്രൈവുകളും പോലെയുള്ള മുൻകരുതൽ നടപടികളില്‍ ശക്തമായി തുടരുന്നതായും ആരോഗ്യ- പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 7 മുതലുളള കണക്കുകൾ പ്രകാരമാണ് വിശദീകരണം.
മാർച്ച് ആദ്യവാരത്തിൽ ശരാശരി നാനൂറിൽ അധികം കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 200-ൽ താഴെ മാത്രമാണ് പ്രതിദിന രോഗവ്യാപനം. വ്യാഴാഴ്ച, 196 കേസുകൾ മാത്രമാണ് ഉണ്ടായത്. ഈ വർഷം ഇതുവരെയുള്ള ഏറ്റവും കുറവ് കണക്കാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 2,302 ആയി നിലനിർത്താന്‍ കഴിഞ്ഞതായും
രാജ്യത്തെ ജനസംഖ്യയുടെ 97.74 ശതമാനവും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും കണക്കുകൾ ഉദ്ധരിച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
യുഎഇ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണെന്ന് ആരോഗ്യ വിദഗ്ദ്ധരും സൂചിപ്പിക്കുന്നു. പിസിആർ പരിശോധനയും വാക്സിനേഷൻ ഡ്രൈവും പോലുള്ള മുൻകരുതൽ നടപടികൾ കാരണം കേസുകളുടെ എണ്ണം കുറയുന്നതായി ഡോക്ടർമാര്‍ പറയുന്നു. അതേസമയം ആഗോളതലത്തിൽ 513.48 ദശലക്ഷത്തിലധികം ആളുകൾ രോഗബാധിതരായെന്നും 6,640,771 പേർക്ക് കോവിഡ് മഹാമാരില്‍ ജീവന്‍ നഷ്ടമായെന്നുമാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട്.